വി.എച്ച്.എസ്.ഇ പ്രവേശനം: മെയ് എട്ട് മുതല്‍ അപേക്ഷിക്കാം

2017-18-ലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മെയ് എട്ട് മുതല്‍ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാഫോമിന്റെ വിലയായ ഇരുപത്തിയഞ്ച് രൂപയും അടുത്തുള്ള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം. അച്ചടിച്ച അപേക്ഷാഫോമും പ്രോസ്‌പെക്ടസും എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മെയ് 12 മുതല്‍ ഇരുപത്തിയഞ്ച് രൂപ നല്‍കി വാങ്ങാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അച്ചടിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 22ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. ഒറ്റ അപേക്ഷാഫോറത്തില്‍ തന്നെ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിഷ്‌ക്കരിച്ച 34 വൊക്കേഷണല്‍ കോഴ്‌സിലെ 1097 ബാച്ചുകളിലേക്കാണ് ഏകജാലക സംവിധാന പ്രകാരം പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനും കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡസ്‌ക്കുകളുടെ പ്രവര്‍ത്തനം മെയ് എട്ട് മുതല്‍ ആരംഭിക്കും.
ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം മെയ് എട്ട് മുതല്‍
ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മെയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മെയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ് / ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്ലസ്‌വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മെയ് എട്ടിന് തുടങ്ങും
ഹയര്‍സെക്കന്ററി പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ മേയ് എട്ട് മുതല്‍ 19 വരെ പ്രവര്‍ത്തിക്കും. ഓരോ താലൂക്കിലും ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ വിവരം സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളിലും പ്രദര്‍ശിപ്പിക്കുന്നതിന് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്റെയും ഉപരിപഠന -തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരം നല്കുന്നതിനും വിദഗ്ധരായ അധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പൊതു അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും. ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ ആണ് ഫോക്കസ് പോയിന്റുകള്‍ സംഘടിപ്പിക്കുന്നത്.
Categories: Updates

About Author

Write a Comment

Your e-mail address will not be published.
Required fields are marked*