ഹയര്‍ സെക്കന്‍ഡറിയില്‍ 4,50,410 സീറ്റ്‌; ക്ലാസുകള്‍ ജൂണ്‍ 14-ന്‌ ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആദ്യമായി ജൂണ്‍ ആദ്യ പാദത്തില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കാന്‍ തയാറെടുപ്പ്‌ പൂര്‍ത്തിയാകുന്നു. പ്ലസ്‌ വണ്‍ ക്ലാസുകള്‍ ജൂണ്‍ 14-ന്‌ ആരംഭിക്കും. എട്ടു മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്‌ സ്വന്തം ജില്ലയിലെ ഇഷ്‌ടമുള്ള സ്‌കൂളുകളില്‍ നല്‍കാം. വിശദ വിജ്‌ഞാപനം ശനിയാഴ്‌ച പുറത്തിറങ്ങും.
ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം 4,50,410 ആണ്‌. ഇതില്‍ ഹയര്‍ സെക്കന്‍ഡറിക്ക്‌ 4,20,910 സീറ്റുകളും വി .എച്ച്‌.എസ്‌.സിക്ക്‌ 27500 സീറ്റുകളുമാണുള്ളത്‌. ജൂണ്‍ അഞ്ചിന്‌ ആദ്യ അലോട്ടുമെന്റ്‌ നടക്കും. പ്ലസ്‌ വണ്‍ അധ്യായന ദിവസങ്ങള്‍ ഓരോ വര്‍ഷവും കുറയുന്ന സാഹചര്യത്തിലാണ്‌ ക്ലാസുകള്‍ നേരത്തെയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്‌. 200 ദിവസം ക്ലാസ്‌ വേണ്ടിടത്ത്‌ പലവിധ കാരണങ്ങളാല്‍ ആകെ ക്ലാസ്‌ ദിവസങ്ങളുടെ എണ്ണം 150 ലേക്ക്‌ ചുരുങ്ങുകയാണ്‌. മിക്കപ്പോഴും സി.ബി.എസ്‌.ഇ ഫലം വൈകുന്നതിനാലാണ്‌ പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ വൈകുന്നത്‌. ഇത്തവണ സി.ബി.എസ്‌.ഇ ഫലത്തിനായി കാത്തിരിക്കില്ല. ഫലം നേരത്തെ പ്രസിദ്ധീകരിക്കണമെന്ന്‌ കാണിച്ച്‌ മൂന്നുമാസം മുമ്പേ സി.ബി.എസ്‌.ഇ ഡയറക്‌ടര്‍ക്ക്‌ സര്‍ക്കാര്‍ കത്തെഴുതിയിരുന്നതാണ്‌. മറുപടി ഉണ്ടായിട്ടില്ല. നിലവില്‍ 11 ശതമാനം വിദ്യാര്‍ഥികളാണ്‌ സി.ബി.എസ്‌.ഇ ഉള്‍പ്പെടെയുള്ള മറ്റു സിലബസുകളില്‍നിന്ന്‌ സ്‌റ്റേറ്റ്‌ സിലബസിലേക്ക്‌ മാറുന്നത്‌. ഇവര്‍ക്ക്‌ അവസരം നഷ്‌ടമാകില്ലെന്ന്‌ ഹയര്‍ സെക്കന്‍ഡറി ജോയിന്റ്‌ ഡയറക്‌ടര്‍ ഡോ. പി.പി പ്രകാശന്‍ പറഞ്ഞു. 20-ന്‌ സി.ബി.എസ്‌.ഇ ഫലം വരുമെന്നാണ്‌ സൂചന. തുടര്‍ അലോട്ടുമെന്റുകളില്‍ ഇവരെ കൂടി പരിഗണിക്കാനാണ്‌ തീരുമാനം. പ്ലസ്‌ വണ്‍ അപേക്ഷാ സംശയ നിവാരണത്തിനും സഹായത്തിനും മുഴുവന്‍ സ്‌കൂളുകളിലും ഹെല്‍പ്പ്‌ ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും.

Categories: Updates

About Author

Write a Comment

Your e-mail address will not be published.
Required fields are marked*