പ്ലസ് വണ്ണിന് മേയ് എട്ടുമുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മേയ് എട്ടു മുതൽ 22 വരെ നൽകാം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10-ാം ക്ലാസ് ഫലം മേയ് 20നകം വരുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ ഫലം വൈകിയാൽ ഈ വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്ക് സംസ്ഥാന സിലബസിലേക്കു മാറുന്നതിന് ചെറിയ പ്രയാസം നേരിടും.

ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് 12നും നടത്തി 14ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സിലബസിൽനിന്ന് സംസ്ഥാന പ്ലസ് വണ്ണിലേക്കു മാറുന്നവർക്ക് രണ്ടാം അലോട്ട്‌മെന്റിനു മുൻപെങ്കിലും അപേക്ഷ നൽകാൻ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.

4,37,156 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടിയപ്പോൾ പ്ലസ് വണിന് 4,22,910 സീറ്റാണുള്ളത്. വി.എച്ച്.എസ്.ഇ.ക്ക് 27,500 സീറ്റുണ്ട്. പോളിടെക്‌നിക്ക് അടക്കമുള്ള കോഴ്‌സുകൾക്കും അവസരമുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് ഈ വർഷം നേരത്തേതന്നെ വർദ്ധിപ്പിച്ചു. അതുകൂടി ഉൾപ്പെടുത്തിയുള്ള സീറ്റുനിലയാണിത്.

സി.ബി.എസ്.ഇ.യിൽനിന്ന് 11 ശതമാനം കുട്ടികളാണ് സാധാരണ സംസ്ഥാന സിലബസിലേക്കു മാറിവരുന്നത്. ഇത്രയും കുട്ടികൾക്കായി, 89 ശതമാനം കുട്ടികളുടെ പഠനം വൈകിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ പക്ഷം. 220 ദിവസം വരെ അധ്യയനം നടക്കണമെന്നാണ് നിഷ്കർഷിക്കുന്നതെങ്കിലും ശരാശരി 140 ദിവസമേ ക്ലാസ് നടക്കുന്നുള്ളൂ.

എസ്.എസ്.എൽ.സി. ഫലം നേരത്തേ പ്രസിദ്ധീകരിക്കുന്നതിനാൽ പ്ലസ് വൺ ക്ലാസുകൾ നേരത്തേ തുടങ്ങുമെന്നും അതനുസരിച്ച് സി.ബി.എസ്.ഇ. ഫലം പ്രസിദ്ധീകരിക്കണമെന്നും കത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, സി.ബി.എസ്.ഇ.യിൽനിന്നു മറുപടി വന്നില്ലെന്നും ഹയർ സെക്കൻഡറി ഡയറക്ടർ പി.പി.പ്രകാശൻ പറഞ്ഞു.

Categories: Updates

About Author

Write a Comment

Your e-mail address will not be published.
Required fields are marked*